മേയ് 17, 2007 at 6:04 pm (കൃഷി വകുപ്പ്, വാര്‍ത്തകള്‍)
Tags: കാര്‍ഷികം, വാര്‍ത്തകള്‍
പള്ളിച്ചല്‍ എ.ഡി.എ ഓഫീസില്‍ നിന്ന് കുടുംബശ്രീ യൂണിറ്റുകള്‍ക്ക് വിതരണം ചെയ്ത പോബ്സ് ഗ്രീന്‍ ജൈവ വളം കര്‍ഷകരെ ജൈവവളകൃഷിയിലേയ്ക്ക് ആകര്‍ഷിക്കുവാന്‍ മാത്രം ഉദ്ദേശിച്ചുള്ളതായിരുന്നുവെന്നും അത് വളരെ കുറച്ചു പേര്‍ക്ക് മാത്രമേ വിതരണം ചെയ്തുള്ളുവെന്നും പള്ളിച്ചല്‍ എ.ഡി.എ എന്നോട് ഒരു ടെലഫോണ്‍ സംഭാഷണത്തിലൂടെ വെളിപ്പെടുത്തുകയുണ്ടായി. ചന്ദ്രശേഖരന് നായര്‍ പറയുന്ന കാര്യങ്ങളോട് യോജിക്കുന്നുവെന്നും ഈ സംരംഭം നേരത്തെ തീരുമാനിച്ചിരുന്നതായിരുന്നുവെന്നും അത് തെറ്റായിപ്പോയി എന്ന് ബോധ്യമായതിനാല്‍ മേലില്‍ ഇത്തരം വളം വിതരണം ചെയ്യുകില്ല എന്ന് ഉറപ്പ് തരുകയും ചെയ്തു.
“ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥയെന്ന നിലയില്‍ അവരുടെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് കാര്‍ഷികമേഖലയില്‍ ഒരു തിരുത്തലിന് തയ്യാറായതില്‍ കേരളത്തിലെ നല്ല കര്‍ഷകര്‍ക്കുവേണ്ടി ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു”.
പള്ളിച്ചല്‍ എ.ഡി.എയുടെ ഫോണ്‍ നമ്പര്‍: 04712394322
Comments
മേയ് 16, 2007 at 9:01 am (ആയുരാരോഗ്യം, ഇടപെടലുകള്‍, കൃഷി വകുപ്പ്, കൃഷിപാഠങ്ങള്‍, പെസ്റ്റിസൈഡ്സ്, വാര്‍ത്തകള്‍)
Tags: കാര്‍ഷികം, വാര്‍ത്തകള്‍
മണ്ണ് പരിശോധിക്കുവാന്‍ മേല്‍മണ്ണ് എന്നത് ഒരടിയായി നിശ്ചയിച്ച് ഒരിഞ്ച് കനത്തിലുള്ള മണ്ണ് ചുരണ്ടിയെടുത്ത് തണലത്തിട്ട് ഉണക്കി അരകിലോ പരിശോധനയ്ക്ക് നല്കിയാല് കിട്ടുന്ന ഫലം രാസ വളങ്ങളും ജൈവ വളങ്ങളും വാങ്ങിയിടുവാനുള്ള നിര്‍ദ്ദേശം. മണ്ണിന്റെ അമ്ലത വര്‍ദ്ധിപ്പിച്ച് തെങ്ങുകള്‍ക്ക് മഞ്ഞളിപ്പും, റബ്ബറിന് കോറനിസ്പോറയും, നെല്ലിന് ബ്രൌണ്‍ ഹോപ്പറും സമ്മാനിച്ച സോയില്‍ ടെസ്റ്റിംഗ് ലബോറട്ടറികള്‍ ഇനിയും ആവശ്യമുണ്ടെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? മണ്ണില്‍ അലിഞ്ഞുചേരേണ്ട ജൈവാംശങ്ങള്‍ മണ്ണല്ല എന്ന കാരണം പറഞ്ഞ് റിജെക്ട് ചെയ്യുമ്പോള്‍ മറുവശത്തുകൂടി കിമ്പളങ്ങളും കൈപ്പറ്റിക്കൊണ്ടെന്ന് സംശയിക്കത്തക്ക രീതിയില്‍ ജൈവവള നിര്‍മാതാക്കള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും വിപണന സഹായവും ചെയ്തു കൊടുക്കുന്നു. അതിന് ഒരുത്തമ ഉദാഹരണമാണ് ബ്ലോക്ക് പഞ്ചായത്ത് സ്കീമില്‍ ഉള്‍പ്പെടുത്തി എ.ഡി.എ ഓഫീസില്‍നിന്നും ഗ്രൂപ് ഫാര്‍മിംഗ് കര്‍ഷകര്‍ക്കായി (പഴം പച്ചക്കറികള്‍ക്ക്) പോബ്സ് ഗ്രീന്‍ ജൈവ വളങ്ങള്‍ അടുത്തകാലത്ത് വിതരണം ചെയ്തതും, നാളിതുവരെ ഗുണ നിലവാരമില്ലാത്ത പല ജൈവ വളങ്ങളും പല കൃഷിഭവനുകളിലൂടെ കര്‍ഷകര്‍ക്ക് നല്കിയതും. പോബ്സ് വളാവിഷ്ടങ്ങള്‍ കരമനയാറ്റില്‍ മത്സ്യങ്ങല് ചത്തുപൊങ്ങാന്‍ കാരണമായിയെങ്കില്‍ അവരുടെ ജൈവ വളത്തില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ഭക്ഷ്യോത്പന്നങ്ങള്‍ കഴിക്കുന്ന മനുഷ്യന്റെയും ഗതി മറ്റൊന്നാകാന്‍ വഴിയില്ല.
എന്‍.പി.കെ മാത്രം വിശകലനം ചെയ്ത് ഭൂമിയുടെ ഗുണനിലവാരം നിശ്ചയിക്കുന്ന ഇന്നത്തെ ഈരീതിക്ക് മാറ്റം വരണം. കര്‍ഷകര്‍ക്ക് മൃഗങ്ങളുടെ കൊമ്പുവളമെന്നും, ജീവാണുവളമെന്നും, എല്ലുപൊടിയെന്നും, ജൈവവളമെന്നും, മണ്ണിര കമ്പോസ്റ്റെന്നും പറഞ്ഞു തരുന്നതില്‍ പലതും മണ്ണിന്റെയും മനുഷ്യന്റെയും ആരോഗ്യത്തിന് ഹാനികരമാണെന്ന കാര്യത്തില്‍ സംശയം വേണ്ട. കൃഷിചെയ്യുന്ന കര്ഷകന് തന്റെ പാടങ്ങളിലേയ്ക്ക് ആവശ്യമുള്ള വളങ്ങള്‍ സ്വയം ഉത്പാദിപ്പിച്ചോ മണ്ണില്‍ മണ്ണിരകളെ സംരക്ഷിച്ച് മണ്ണിനെ ഫലഭൂയിഷ്ടമാക്കിയോ കൃഷിചെയ്യണം. ഇല്ലെങ്കില്‍ മണ്ണിന്റെ മരണമാവും ഫലം.
16-5-2007 ലെ മാതൃഭൂമി ദിനപത്രം അഞ്ചാം പേജില്‍ ഇന്ത്യയില്‍ നിന്നുള്ള അരി റഷ്യ നിരോധിച്ചു എന്ന് വാര്‍ത്തയുണ്ട്. അതിന് കാരണം അതിലെ കീടനാശിനിയുടെ അളവാണ്. കയറ്റുമതി ചെയ്ത അരിയില്‍ കീടനാശിനിയുടെ അളവ് കൂടുതലെങ്കില്‍ നാം തിന്നുന്നതിലെ അളവെന്തായിരിക്കും? നമ്മുടെ ലബോറട്ടറികളൊന്നും സര്‍ക്കാര്‍ ശമ്പളവും കൈപറ്റിക്കൊണ്ട് ശരിയായ ഒരു റിസല്‍ട്ടും നമുക്ക് തരില്ല. ഒരിക്കല്‍ തിരുവനന്തപുരം പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിയില്‍ കഞ്ഞിവെള്ളം ടെസ്റ്റ് ചെയ്യാന്‍ കൊണ്ടുചെന്ന എനിക്ക് കിട്ടിയ മറുപടി അരിടെസ്റ്റു ചെയ്യും കഞ്ഞിവെള്ളം ടെസ്റ്റ് ചെയ്യുവാന്‍ കഴിയില്ല എന്നാണ്. ടെസ്റ്റിംഗ് ഫീസ് നല്‍കിയുള്ള ഇത്തരം തട്ടിപ്പുകളില്‍നിന്ന് കര്‍ഷകര്‍ സ്വയം മുക്തി നേടേണ്ടിയിരിക്കുന്നു. ഇല്ലെങ്കില്‍ വളര്‍ച്ച ആശുപത്രികളുടെയും മരുന്നുകമ്പനികളുടെയും ചില ഡോക്ടര്‍മാരുടെയും കിമ്പളം കൈപ്പറ്റാന്‍ കഴിയുന്നവരുടെയും മാത്രമായിരിക്കും.
2 Comments
മേയ് 14, 2007 at 8:51 am (റബ്ബർ, വാര്‍ത്തകള്‍)
Tags: കാര്‍ഷികം, വാര്‍ത്തകള്‍
വിദേശ ഇന്ത്യക്കാര്‍ തല്ക്കാലം ഇന്ത്യയിലേയ്ക്ക് പണമയക്കാതിരിക്കുന്നത് നല്ലത്. ഭക്ഷ്യോത്പന്നങ്ങലുടെ വില നിയന്ത്രിക്കാനായതും വിപണിയിലേയ്ക്ക് ഗോതമ്പ് എത്തിച്ചേര്‍ന്നതും, ഗോതമ്പ് ഇറക്കുമതിയും (വാര്‍ത്ത ഉണ്ടായിരുന്നു) മറ്റും രൂപയുടെ മൂല്യ വര്‍ദ്ധനവിന് കാരണമായി.

റബ്ബര്‍ അന്താരാഷ്ട്രവില 10 രൂപയില്‍ക്കൂടുതല്‍ ഉയര്‍ന്നു നില്ക്കുന്നതിനാല് കയറ്റുമതി സാധ്യത കാണുന്നു. എന്നാല്‍ രൂപയുടെ മൂല്യ വര്‍ദ്ധന റബ്ബര്‍ കയറ്റുമതിയില്‍ ഉണ്ടാകാവുന്ന നേട്ടം ഇല്ലാതാക്കുകയല്ലെ ചെയ്യുക. അന്താരാഷ്ട്ര വിലയേക്കാള്‍ ഇന്ത്യന്‍ വിപണിവില താഴ്ന്ന് നിന്ന ഫെബ്രുവരിയിലും മാര്‍ച്ചിലുമായി 17736 ഉം 15056 ഉം ടണ്ണുകളുടെ ഇറക്കുമതി എപ്രകാരം സാധിക്കുന്നു എന്നും സാധാരണക്കാര്‍ക്ക് മനസിലാകില്ല.

2006-07 ല്‍ സംസ്ഥാന രജിസ്ട്രേഷന് വകുപ്പിന് 1383.08 കോടിയുടെ വരുമാനം. ലക്ഷ്യമിട്ടിരുന്നതിനേക്കാള്‍ 64.08 കോടി അധികം. കൃഷി ന്അശിച്ചാലും റീയല്‍ എസ്റ്റേറ്റുകള്‍ വളരുന്നു. കള്ളപ്പണം വെള്ളപ്പണമാകുകയും ചെയ്യും. കടത്തില്‍ മുങ്ങിക്കിടക്കുന്ന കര്ഷകന് താണവില പ്രമാണത്തില്‍ രേഖപ്പെടുത്തിയാലും പ്രശ്നമില്ലല്ലോ? താണ വിലയ്ക്ക്ക്ക് രജിസ്ട്രേഷന് നടക്കുന്ന ഭൂമികള്‍ കുറെയെങ്കിലും സര്‍ക്കാര്‍ ഏറ്റെടുത്താല്‍ അതും നല്ലൊരു ലാഭക്കച്ചവടം ആകും. അങ്ങിനെ സര്‍ക്കാരിനും റീയല്‍ എസ്റ്റേറ്റ് ബിസിനസ് തുടങ്ങാം.
വാര്‍ത്തകള്‍ക്ക് കടപ്പാട്: മാതൃഭൂമി ദിനപത്രം.
1 Comments
ഏപ്രില്‍ 13, 2007 at 3:29 pm (പ്രതികരണങ്ങള്‍, വാര്‍ത്തകള്‍)
Tags: കാര്‍ഷികം, വാര്‍ത്തകള്‍
വികസിത രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്കുള്ള കാര്‍ഷിക ഉത്പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രണം നീക്കാന്‍ ലോകവ്യാപാര സംഘടനയും അമേരിക്കയും പുതിയ തന്ത്രങ്ങള്‍ പയറ്റുന്നു. ഇന്ത്യയിലെ നാണയപ്പെരുപ്പവും ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റവും അവര്‍ അതിന് മറയാക്കുന്നു.വിലക്കയറ്റം നേരിടുന്ന കാര്‍ഷിക ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ അനുവദിച്ചാല്‍ അത് ഇന്ത്യയിലെ സാധാരണക്കാര്‍ക്ക് അനുഗ്രഹമാകുമെന്നും അങ്ങനെ ലാഭിക്കുന്ന തുക ആരോഗ്യ, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് നീക്കിവെക്കാന്‍ കഴിയുമെന്നുമാണ് ലോകവ്യാപാര സംഘടനയിലെ അമേരിക്കന്‍ പ്രതിനിധി സൂസന് ഷ്വാബ് അഭിപ്രായപ്പെട്ടത്. ഡല്‍ഹിയില്‍ ഇന്ത്യ, ബ്രസീല്‍, യൂറോപ്യന്‍ യൂണിയന്, അമേരിക്ക എന്നിവരടങ്ങുന്ന ജി-നാല് രാജ്യങ്ങളുടെയും ഓസ്ട്രേലിയ, ജപ്പാന് എന്നീ രാജ്യങ്ങള്‍ കൂടി അടങ്ങുന്ന ജി-ആറ് രാജ്യങ്ങളുടെയും വ്യാപാര മന്ത്രിമാരുടെ സമ്മേളനത്തില്‍ പങ്കെടുക്കവെയാണ് അവര്‍ പുതിയ സമ്മര്‍ദ തന്ത്രത്തിന്റെ സൂചനകള്‍ നല്‍കിയത്.തങ്ങളുടെ കാര്‍ഷിക വിപണി തുറന്നു കൊടുക്കാന്‍ വികസ്വര രാജ്യങ്ങളുടെ മേല്‍ അമേരിക്കയും യൂറോപ്യന്‍ യൂണിയനും ജി-33 രാജ്യങ്ങളും ചെലുത്തിവരുന്ന സമ്മര്‍ദങ്ങള്‍ ഇന്ത്യ ചെറുത്തുവരികയാണ്. ഇത്തരമൊരു നീക്കം ലോക വ്യാപാര സംഘടനയുടെ ദോഹ വട്ട ചര്‍ച്ചകളുടെ ‘വികസന’ കാഴ്ചപ്പാടുകള്ക്കെതിരാണെന്ന വാദവും അമേരിക്കന്‍ പ്രതിനിധി നിരാകരിച്ചു.
അമേരിക്കയ്ക്ക് താത്പര്യമുള്ള ഭക്ഷ്യവസ്തുക്കള്‍ക്ക് വേണ്ടി മാത്രമായല്ല തങ്ങള്‍ വികസ്വര രാജ്യങ്ങളിലെ വിപണികള്‍ തുറന്നു കിട്ടണമെന്ന് വാദിക്കുന്നതെന്ന് സൂസന് ഷ്വാബ് അഭിപ്രായപ്പെട്ടു. ഏറ്റവും പിന്നാക്കം നില്ക്കുന്ന രാജ്യങ്ങള്‍ക്ക് ഇറക്കുമതി ചുങ്കവും അളവ് നിയന്ത്രണവും ഒഴിവാക്കുന്നതും ഇതിന്റെ ഭാഗമാണെന്ന് അംഗീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. കാര്‍ഷിക വിപണി നിയന്ത്രണങ്ങള്‍ നീക്കണമെന്നത് ദോഹവട്ട ചര്‍ച്ചകളുടെ മൂന്ന് പ്രധാന നിര്‍ദേശങ്ങളില്‍ ഒന്നാണ്. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് വികസ്വര രാജ്യങ്ങള്‍ നല്കുന്ന കയറ്റുമതി സബ്സിഡിയും കര്‍ഷകര്‍ക്കുള്ള സബ്സിഡിയും കുറച്ചുകൊണ്ടുവരണമെന്നാണ് മറ്റ് രണ്ട് പ്രധാന ആവശ്യങ്ങള്‍.
വാര്‍ത്തയ്ക്ക് കടപ്പാട്: മാതൃഭൂമി 13-4-07
ഇന്ത്യയില്‍ കാര്‍ഷികോത്പന്നങ്ങള്‍ക്ക് വിലകൂടിയാല്‍ അത് രൂപയുടെ മൂല്യം ഇടിയുവാന്‍ കാരണമാകുമെന്ന് നാഴികയ്ക്ക് നാല്പതുവട്ടം ഉരിയാടുമ്പോള്‍ അതിന്റെ നിജ സ്ഥിതി എന്താണ്. കര്‍ഷകര്‍ പോലും ഉപഭോക്താക്കളാകുകയും ഭക്ഷ്യോത്പന്നങ്ങളുടെ വിലകൂടാതിരിക്കുവാന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഭക്ഷ്യവിളകളുടെ വിലക്കയറ്റത്തെ ചെറുക്കുവാന്‍ എല്ലാ നടപടികളും കൈക്കൊള്ളുവാന്‍ സര്‍വ്വ ശക്തിയും വിനിയോഗിക്കുന്നു. ഇവര്‍തന്നെ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയും നെല്പാടങ്ങള് നശിക്കുകയും ചെയ്യുമ്പോള്‍ കാര്‍ഷിക നഷ്ടമാണ് ഇതിനൊക്കെ കാരണമെന്നറിയാമായിരുന്നിട്ടും മുതലക്കണ്ണുനീര്‍ ഒഴുക്കുന്നത് കര്‍ഷകരോടുള്ള ഇഷ്ടം കൊണ്ടൊന്നും അല്ല താണവിലയ്ക്ക് ഉത്പന്നങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. അതിലേയ്ക്കായി ബാങ്ക് വായ്പകളും സബ്സിഡികളും മറ്റും നല്കി കര്‍ഷകരെ കൂടുതല്‍ കടക്കെണിയിലേക്ക് തള്ളിവിടുകയല്ലെ ചെയ്യുന്നത്? ഈ ചതി കര്‍ഷകര്‍ മനസിലാക്കാത്തിടത്തോളം പരിഹാരമില്ല തന്നെ.
പത്തുലക്ഷം റബ്ബര്‍ കര്‍ഷകര്‍ക്ക് കുട്ടനാടുള്ള നെല്‍കര്‍ഷകന്റെ വേദന അറിയേണ്ട ആവശ്യമില്ലല്ലോ. കര്‍ഷകര്‍ തന്നെ കര്‍ഷകര്‍ക്ക് ശത്രുക്കള്‍. കാര്‍ഷിക മേഖലയില്‍ തൊഴിലെടുക്കുക എന്നത് അപമാനമായി മാറുന്ന കാലത്ത് മാന്യതതേടി യുവജനങ്ങള്‍ ഐ.റ്റി മേഖലയില്‍ അഭയം തേടുന്നു. കൈയില്‍ കാശുണ്ടായാലും കഴിക്കാന്‍ ആഹാരവും കുടിക്കാന്‍ വെള്ളവും കിട്ടാത്ത അവസ്ഥ വിദൂരമല്ല.
1 Comments
മാര്‍ച്ച് 1, 2007 at 9:28 am (ആഗോളതാപനം, ആയുരാരോഗ്യം, കൃഷിപാഠങ്ങള്‍, ചെയ്തറിവുകള്‍, ജലം, വാര്‍ത്തകള്‍)
Tags: കാര്‍ഷികം, വാര്‍ത്തകള്‍
രാസവള നൈട്രജന്‍ മണ്ണിന്റെ അമ്ലസ്വഭാവം വര്‍ദ്ധിപ്പിക്കുകയും അതുകാരണം മണ്ണിന്റെയും ജലത്തിന്റെയും pH താഴേയ്ക്ക് വരുകയും ചെയ്യുമ്പോള്‍ ബാധിക്കുന്നത് നമ്മുടെ ആരോഗ്യത്തെയാണ് . അതേപോലെതന്നെ ലോകമെമ്പാടും രാസ വളങ്ങളുടെ ദോഷവശങ്ങള്‍ മനസിലാക്കിക്കൊണ്ട് ജൈവകൃഷിയില്‍ ആകൃഷ്ടരാകുമ്പോള്‍ അതും ആരോഗ്യത്തിന് ഹാനികരമാകും എന്ന കാര്യത്തില്‍ സംശയം വേണ്ട. രാസ വളങ്ങള്‍ നല്കി മണ്ണില്‍ ജൈവസമ്പത്ത് ഉണ്ടായിരുന്നപ്പോള്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുവാന്‍ കഴിഞ്ഞിരുന്നു. പെസ്റ്റിസൈഡുകളുടെ സഹായത്താല്‍ ഉത്പാദനം നഷ്ടപ്പെടാതെയും നിലനിറുത്തി. എന്നാല്‍ ഇന്ന് ആ അവസ്ഥ മാറി മണ്ണിലെ ജീവാണുക്കളും മണ്ണിരകളും ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഈ അവസ്ഥയില്‍ നിന്ന് ഒരു തിരിച്ചുവരവ് (രണ്ടാം ഹരിത വിപ്ലവം) അല്പം ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. മണ്ണിലെ pH താഴുവാന്‍ അവസരമൊരുക്കിയതിലൂടെ മരുവല്‍ക്കരണം തന്നെയാണ് നടപ്പിലാക്കിയത്.
ഇതില്‍ നിന്ന് മോചനം ലഭിക്കുവാനും രോഗങ്ങളില്‍ നിന്ന് രക്ഷനേടുവാനും വല്ല മാര്‍ഗവും ഉണ്ടോ?
ഉണ്ട്. മണ്ണിന്റെ അമ്ലസ്വഭാവം മാറ്റി ക്ഷാരസ്വഭാവമാക്കി മാറ്റുക, കാലാകാലങ്ങളിലെ ആവശ്യത്തിനനുസരിച്ച് മഗ്നീഷ്യം സല്‍ഫേറ്റിന്റെ അളവ് മണ്ണില്‍ ഉറപ്പാക്കുക തുടങ്ങി ചില കാര്യങ്ങല്‍ മാത്രം മതി ആരോഗ്യപരിപാലനത്തിന്. എന്റെ റബ്ബര്‍ തോട്ടത്തില്‍ ഞാനിട്ട മഗ്നീഷ്യം സല്‍ഫേറ്റ് കളകളിലൂടെയും കളപ്പയറിലൂടെയും എന്റെ പശുക്കള്‍ക്ക് ലഭിച്ചപ്പോള്‍ എനിക്ക് കാണുവാന്‍ കഴിഞ്ഞത് ക്യാല്‍സ്യം ഡെഫിഷ്യന്‍സി, കീറ്റോണ്‍ ബോഡീസ്, പ്രസവസംബന്ധംമായ അസുഖങ്ങള്‍ എന്നിവ മാറിക്കിട്ടി എന്നതാണ്. അതേപോലെ ഒരിക്കല്‍ യൂറോപ്പിലെ പശുക്കളില്‍ ടെറ്റനി എന്ന രോഗവും മഗ്നീഷ്യം നല്കിയ പുല്ല് ഭക്ഷണമായി ലഭ്യമാക്കുന്നതില്ലോടെ മാറ്റിയെടുക്കുവാന്‍ സാധിച്ചു എന്നതും പ്രത്യേകം ശ്രദ്ധേയമാണ്. മഗ്നീഷ്യത്തിന്റെ കുറവാണ് കാര്‍ഡിയോവാസ്ക്കുലര്‍ ഡിസീസസിന് കാരണമെന്ന് ഡോ.വലിയത്താന് വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ വെളിപ്പെടുത്തുകയുണ്ടായി. അതുപോലെ ഇപ്പോള്‍ ഐ.എം.എ (IMA) യുടെ പഠനങ്ങളില്‍ നിന്ന് ഇന്ന് ധാരാളമായി കണ്ടുവരുന്ന ഡയബറ്റീസ് (പ്രത്യേകിച്ചും അമ്ലസ്വഭാവമുള്ള മണ്ണുള്ള കേരളത്തില്‍)രോഗത്തിന് പരിഹാരവും മഗ്നീഷ്യം താന്നെയാണ് എന്ന് കണ്ടെത്തിയിരിക്കുന്നു.
പ്രസിദ്ധീകരിച്ച ലേഖനം ഇതാണ്. ഇതേ പേജുതന്നെ പി.ഡി.എഫ് ഫയലായി കാണുക.
എന്നാല്‍ നാം കഴിക്കുന്ന ആഹാരത്തിലെ മഗ്നീഷ്യം ഡെഫിഷ്യന്‍സി കൃഷിയിലൂടെ എങ്ങിനെ പരിഹരിക്കാം എന്നത് പരീക്ഷിച്ചു നോക്കാവുന്നതാണ്. ഇപ്രകാരം മണ്ണില്‍ മഗ്നീഷ്യത്തിന്റെ ലഭ്യത നടപ്പിലാക്കപ്പെടുന്നതിലൂടെ ആഗോളതാപനത്തില്‍ നിന്ന് മോചനം, മണ്ണിലെ ജൈവസമ്പത്ത് സംരക്ഷിക്കല്‍, മുന്‍ കാലങ്ങളിലെപ്പോലുള്ള ശീതോഷ്ണ കാലാവസ്ഥ, ഭക്ഷ്യോത്പന്ന ലഭ്യത, പശുപരിപാലനം മുതലായവ മെച്ചപ്പെടും. പരിഹാരം മഗ്നീഷ്യം സല്‍ഫേറ്റ് തന്നെ! മണ്ണിലെ അമ്ലസ്വഭാവം, വരള്‍ച്ച, ജൈവവാംശ കൂടുതല്‍, വിളവെടുപ്പ് എന്നിവയിലൂടെ മഗ്നീഷ്യം ഡെഫിഷ്യന്‍സി ഉണ്ടാകാതെ നോക്കുകയാണെങ്കില്‍ ചെടികളുടെ മാത്രമല്ല പക്ഷി മൃഗാദികളുടെയും മനുഷ്യന്റെയും രോഗങ്ങള്‍, അണുബാധ എന്നിവയില്‍ നിന്നും മോചനവും സാധ്യമാകും.
ചെടിച്ചട്ടിയില്‍ മുരിങ്ങയ്ക്ക് മഗ്നീഷ്യം നല്കി വളര്‍ത്തി അതിന്റെ ഇല കറിവെച്ച് തിന്നുന്ന ഇഞ്ചിപ്പെണ്ണ് ഭൂലോകര്‍ക്ക് ഒരു മാതൃക. ഇതെല്ലാം ശാസ്ത്രീയമായി കാലം തെളിയിക്കട്ടെ.
5 Comments